Saturday, March 29, 2008

ഇപ്പോഴും കണക്കു തന്നെ.

ഒന്‍പതു ബിയില്‍
ഒരുച്ച നേരം,
രണ്ടാം ബെഞ്ചില്‍
ബിന്ദുവും രേഖയും.

ബിന്ദൂ നിയില്ലെങ്കില്‍ ഞാനില്ല
രേഖേ നിയില്ലെങ്കില്‍ എന്നെയാരറിയാന്‍
എന്നൊക്കെ തുടങ്ങി,
അവരുടെ കിന്നാരങ്ങള്‍
എനിക്ക് മനസ്സിലാകാത്ത
പുതിയ ഭാഷകളിലേയ്ക്കും
രൂപകങ്ങളിലേയ്ക്കും കടക്കവേ,
“നിങ്ങള്‍ രണ്ടും കണക്കു
തന്നെയെനിയ്ക്ക്“ എന്ന്
ഞാനൊരു കണ്ണിറുക്കിച്ചിരി ചിരിച്ചു.
പെട്ടന്ന് കോപിച്ചു
മുഖം കോട്ടീയിരുവരും
എന്നെയൊരാട്ടും പിന്നെയൊരോട്ടവും.

പിന്നെയും പിടിതരാതെത്രയോ
ബിന്ദുക്കള്‍ രേഖകള്‍!

കണക്കില്‍ നീ തീരെ പോരെന്ന്
ടീച്ചറെപ്പോഴുമെന്നോട്
ചൂരല്‍ ചുഴറ്റിയിരുന്നത്
വെറുതെയായിരുന്നില്ല.

4 comments:

സുധീര്‍ (Sudheer) said...

ഒന്‍പതു ബിയില്‍
ഒരുച്ച നേരം,

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പിന്നെയും പിടിതരാതെത്രയോ
ബിന്ദുക്കള്‍ രേഖകള്‍!

ജാഫര്‍ പുത്തന്‍ചിറ said...

രേഖകള്‍,ബിന്ദുക്കള്‍
പിടിതന്നത്‌ ഭ്രാന്തനേയും
പിടിതരാത്ത്‌ത്‌ കവിയേയും
സമ്മാനിക്കുന്നു.
എല്ലാം നല്ലതിനു.

Kavitha sheril said...

nice....