Saturday, July 18, 2009

ദൈവത്തിന്റെ മിസ്‌കാൾ

ദൈവമേ!
എന്തേയ്?
അല്ല, ഒരു മിസ്‌കാൾ
കണ്ടിരുന്നു...
ആ, കുറെ നാളായല്ലോ എന്തെങ്കിലും വർ‍ത്തമാനം പറഞ്ഞിട്ട്..
ഞാൻ വിളിക്കാറുണ്ട് , എപ്പോഴും എന്‍ഗേജ്‌ഡ് അല്ലേ?
സ്വൈര്യം തരണ്ടേ,നിങ്ങളെപ്പോലുള്ളവര്‍?
എന്നെ അക്കൂട്ടത്തില്‍ കൂട്ടേണ്ട..
ഇല്ല,കൂട്ടിയിട്ടില്ല.
പിന്നേയ്?
എന്തേയ്?
എന്നാ ഒന്നു കാണുന്നത്?
എന്താ തിരക്കായോ ഇങ്ങോട്ടു വരാൻ

അയ്യോ ഒരു തിരക്കും ഇല്ല.ഈ ശബ്ദം മാത്രമല്ലേയുള്ളൂ, അതും വല്ലപ്പോഴും.ആളില്ലെന്നു വരുമോ?
ആ പേടിവേണ്ട.
ദൈവത്തിന്നറിയാം!
അപ്പോഴും നമുക്കിട്ടു തന്നെ. ഉം നടക്കട്ടെ.
പിന്നേയ്?
എന്തേയ്?
മറ്റേ ചങ്ങാതി എന്തു പറയുന്നു?
ആര്?
ശത്രു.
അങ്ങോർ‍ക്കിപ്പോൾ ഒന്നിലും ഒരു താത്പര്യവും ഇല്ല.ഇവിടെ ഒരാളുടെ പണിയേ ഉള്ളൂ എന്നാണ് പറയുന്നത്‌.പുള്ളിക്കാരന്റെ ജോലിയ്ക്കും ഞാൻ തന്നെ മതിയത്രെ!
അതു ശരി.വല്ലപ്പോഴും ഒക്കെ വിളിയ്ക്ക്.അല്ലെങ്കില്‍ ഇങ്ങനെ ഓരാള്‍ ഉള്ള കാര്യം തന്നെ മറന്നു പോകും.
ഓർ‍ത്തില്ലെങ്കിലും എനിക്ക് പരാതിയൊന്നും ഇല്ല.
അതെനിയ്ക്കറിയാം.ബാക്കിയുള്ളവര്‍ കൂട്ടത്തില്‍ കൂട്ടണ്ടേ?
ഓ..അങ്ങനെ.
അപ്പോ ശരി,നിർത്തട്ടെ?
ആ നിർത്ത് !
നിർ‍ത്തി.

Sunday, September 21, 2008

ഓളങ്ങളെ വരയ്ക്കാൻ തുടങ്ങുന്നു

അളവുകളില്ല,

എങ്കിലുമീ ചതുരത്തിനുള്ളില്‍ ഒതുങ്ങണം
ഞൊടിയിട മാറുന്ന രൂപങ്ങള്‍
ഒഴുകി പരക്കയും
ചിതറി തെറിയ്ക്കയും
ഒട്ടൊന്നു നീണ്ടു നിവരുകയും
പിന്നെ കുറുകിയില്ലാതാവുകയും ചെയ്യുന്ന
ആഴങ്ങളുടെ ആത്മാവ് പേറുന്ന വളയങ്ങള്‍


ഒന്നേ ചെയ്യാനുള്ളൂ
നീളത്തില്‍ അലസമൊരു വരവരച്ച്
സൂത്രത്തില്‍ ഒരു നിറം നിറച്ച്
തടാകം ഇപ്പോള്‍ ശാന്തമെന്നൊരു കുറിപ്പ്


എങ്കിലും ഓളങ്ങളെ
എപ്പോഴെങ്കിലും വരയ്ക്കേണ്ടി
വരുമെന്ന പേടി ഇപ്പോഴും ബാക്കി.

Tuesday, April 15, 2008

മനസ്സിലൊരു മഴ പെയ്തൊഴിയുന്നു

കുറ്റബോധത്തിന്റെ
ഇടിമുഴക്കങ്ങള്‍
പേടിയുടെ മിന്നലാട്ടങ്ങള്‍
പിന്നെ പ്രത്യാശയുടെ
മഴ നൂലുകള്‍

ഇപ്പോള്‍
നനഞ്ഞ ഭൂമി
തെളിഞ്ഞ മാനം
ആര്‍ദ്രം
ആനന്ദഭരിതം.

Saturday, March 29, 2008

ഇപ്പോഴും കണക്കു തന്നെ.

ഒന്‍പതു ബിയില്‍
ഒരുച്ച നേരം,
രണ്ടാം ബെഞ്ചില്‍
ബിന്ദുവും രേഖയും.

ബിന്ദൂ നിയില്ലെങ്കില്‍ ഞാനില്ല
രേഖേ നിയില്ലെങ്കില്‍ എന്നെയാരറിയാന്‍
എന്നൊക്കെ തുടങ്ങി,
അവരുടെ കിന്നാരങ്ങള്‍
എനിക്ക് മനസ്സിലാകാത്ത
പുതിയ ഭാഷകളിലേയ്ക്കും
രൂപകങ്ങളിലേയ്ക്കും കടക്കവേ,
“നിങ്ങള്‍ രണ്ടും കണക്കു
തന്നെയെനിയ്ക്ക്“ എന്ന്
ഞാനൊരു കണ്ണിറുക്കിച്ചിരി ചിരിച്ചു.
പെട്ടന്ന് കോപിച്ചു
മുഖം കോട്ടീയിരുവരും
എന്നെയൊരാട്ടും പിന്നെയൊരോട്ടവും.

പിന്നെയും പിടിതരാതെത്രയോ
ബിന്ദുക്കള്‍ രേഖകള്‍!

കണക്കില്‍ നീ തീരെ പോരെന്ന്
ടീച്ചറെപ്പോഴുമെന്നോട്
ചൂരല്‍ ചുഴറ്റിയിരുന്നത്
വെറുതെയായിരുന്നില്ല.

Tuesday, March 25, 2008

ഇതിലും ഭേദം ജീവിതം തന്നെ!

പെട്ടന്നൊരു രാത്രിയില്‍
‍പാലപ്പൂ മണം
പരക്കുന്നതിനും മുന്‍പേ
എന്നെ കാണാതായി
ഒരു പാടു തിരഞ്ഞു
ഒടുക്കം,
കുഴിച്ചിട്ട സ്ഥലം
ചെന്നു നോക്കി
അവിടം തുറന്നു കിടക്കുന്നു
അതിലും ഞാനില്ല
ഇനി എന്നെ ഞാന്‍
‍എവിടെപ്പോയന്വേഷിക്കും!

Saturday, March 22, 2008

ഇനി വയ്യ,കളി നിർ‍ത്തുന്നു.

ഒരു നിരയായി
നിരയിലെ കൂട്ടുകളായി
കൂട്ടുകള്‍‍ നിര നിരയായി
ചിലരെ തെറിപ്പിച്ച്,
ചിലരെ കൂടെ കൂട്ടി
ശരിയായില്ലെന്നറിഞ്ഞ്
കൂട്ടു പൊളിച്ച്
നിര തെറ്റിച്ച്
വീണ്ടും കാത്തിരിക്കുന്ന
ചീട്ടുകള്‍‍‍‍ തന്നെയീ
ഞാനുമെന്നോര്‍ത്ത്,
ഒരു സ്ക്കൂട്ടിന്റെ

വക്കിലേയ്ക്കെത്തിനില്‍ക്കുന്നു.

Wednesday, March 12, 2008

കറുപ്പിനും വെളുപ്പിനുമിടയിൽ

തെറ്റീ വഴി നിനക്കെന്ന്
പുലര്‍ച്ചെയൊരു കിനാവില്‍
അരുളിയത്
ദൈവമോ പിശാചോ?
ശബ്ദത്തിനു പിന്നില്‍
കറുപ്പോ വെളുപ്പോ?
ഞെട്ടിയുണര്‍ന്നു ഞാന്‍.

പുലര്‍ച്ചെയൊരു കിനാവല്ലേ,
തെറ്റിയെന്‍ വഴിയെന്ന്
നിശ്ചയമെങ്കിലും
തെറ്റിയ വഴിയേതെന്നറിയാന്‍
ഞാനിനിയുമുറങ്ങണോ
ഉണര്‍ന്നിരിക്കണോ?